Connected with us

SFI
KERALA STATE COMMITTEE

STUDY & STRUGGLE

Independence Democracy Socialism

Category Archives: Martyrs

സ. ദേവപാലന്‍ (1971 ഒക്ടോബര്‍ 8 )

ഇന്ത്യന്‍ വിദ്യാര്‍ത്ഥി സമൂഹത്തിന് പുത്തനാവേശം പകര്‍ന്നുകൊണ്ട് 1970ല്‍ മലയാളക്കരയുടെ തലസ്ഥാനം എസ്എഫ്‌ഐ എന്ന മഹാപ്രസ്ഥാനത്തിന് ജന്മം നല്‍കി. തിരുവനന്തപുരം എംജി കോളേജിലെ രണ്ടാംവര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയായിരുന്നു സ. ദേവപാലന്‍. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ കണ്‍വെന്‍ഷനോടനുബന്ധിച്ച് നടന്ന പ്രകടനത്തിനുനേരെ കലിപൂണ്ട ഒരു ഡ്രൈവര്‍ ബസ് ഓടിച്ചുകയറ്റി. പ്രകടനത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളെ അസഭ്യം പറഞ്ഞുകൊണ്ടായിരുന്നു ഡ്രൈവര്‍ പ്രകടനത്തിനുനേരെ ബസ് ഓടിച്ചുകയറ്റിയത്. സ. ദേവപാലന്‍ ഉള്‍പ്പെടെ എട്ടു സഖാക്കള്‍ക്ക് മാരകമായി പരിക്കേറ്റു. ഇതേത്തുടര്‍ന്ന് പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കുനേരെ ഭീകരമായ ലാത്തിച്ചാര്‍ജും മര്‍ദ്ദനവും അരങ്ങേറി. സ. ഇ എം എസിന്റെ മകനായ സ. ശശി, വേണുഗോപാല്‍, അജിത്കുമാര്‍, മോഹന്‍ലാല്‍, സോമശേഖരന്‍, ഷെല്ലി, ദേവപാലന്‍ എന്നീ സഖാക്കളെ മാരകമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ. ദേവപാലന്‍ ആശുപത്രി കിടക്കയില്‍നിന്ന് ആകാശത്തിന്റെ അതിരുകള്‍തേടി അകന്നു. ആ പാവനസ്മരണയോടുള്ള കടപ്പാടില്‍നിന്ന് തുടങ്ങിയ ജൈത്രയാത്ര ഇന്ന് ചക്രവാളത്തിന്റെ അതിരുകള്‍ തേടുന്നു.

സ. അഷ്‌റഫ് (1974 മാര്‍ച്ച് 4)

സ. അഷ്‌റഫ് 1974 മാര്‍ച്ച് 4 1974 മാര്‍ച്ച് നാലിനാണ് സ. അഷറഫ് നമ്മെ വിട്ടുപിരിഞ്ഞത്. തലശ്ശേരി ബ്രണ്ണന്‍ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കോളേജ് യൂണിയന്‍ എസ്എഫ്‌ഐ പിടിച്ചെടുത്തതില്‍ പ്രതികാരദാഹികളായ കെഎസ്‌യുക്കാര്‍ 1973 ഡിസംബര്‍ മൂന്നിനാണ് സ. അഷറഫിനെ ആക്രമിച്ചത്. ശ്വാസകോശത്തിനേറ്റ മാരകമായ മുറിവുമായി സഖാവ് നാലുമാസക്കാലം മരണത്തോട് മല്ലടിച്ച് തലശ്ശേി ഗവ. ആശുപത്രിയില്‍ കിടന്നു. വയറില്‍ ഒരു ശസ്ത്രക്രിയ നടത്തി സുഖം പ്രാപിച്ച് വരുന്നതിനിടയിലായിരുന്നു ആകസ്മികമായ അന്ത്യം സംഭവിച്ചത്. സ്‌പോര്‍ട്‌സിലും പഠനത്തിലും സംഘടനാ പ്രവര്‍ത്തനരംഗത്തും നിറഞ്ഞ സാന്നിദ്ധ്യമായിരുന്ന ഈ പ്രതിഭ വരുംകാല പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജമാണ്.

സ: സെയ്താലി (1974 സെപ്തംബര്‍ 20)

പട്ടാമ്പി സംസ്‌കൃത കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകനായിരുന്നു സ: സെയ്താലി. ക്യാമ്പസിലെ അരാജകവാദികള്‍ക്കെതിരെ ശക്തമായ നിലപാടെടുത്തതിന്റെ ഭാഗമായാണ് സഖാവിന് കൊലക്കത്തിക്ക് ഇരയാകേണ്ടിവന്നത്. സഹപാഠികളായ പെണ്‍കുട്ടികളെ ശല്യംചെയ്യുന്നതില്‍ ആഹ്ലാദം കണ്ടെത്തിയ കോളേജിലെ എബിവിപി-കെഎസ്‌യു ഗുണ്ടാസംഘത്തെ ചോദ്യം ചെയ്തതിനാലാണ് സ: സെയ്താലിക്കും കൂട്ടുകാര്‍ക്കുംനേരെ അക്രമമുണ്ടായത്. സെപ്തംബര്‍ 20-ാം തീയതി കോളേജ് അധികാരികളുടെ ഒത്താശയോടെ ആസൂത്രിതമായി അക്രമം നടത്തിയ എബിവിപി-കെഎസ്‌യു ഗുണ്ടാസംഘം വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും സാക്ഷിനിര്‍ത്തി സ: സെയ്താലിയുടെ മാറില്‍ കഠാര കുത്തിയിറക്കുകയായിരുന്നു. ”എന്റെ മകന്‍ വിശ്വസിച്ച പ്രസ്ഥാനം തളരാതെ മുന്നോട്ടുപോവുകതന്നെ ചെയ്യും” എന്ന സെയ്താലിയുടെ പിതാവ് മൊയ്തുണ്ണി മാസ്റ്ററുടെ വാക്കുകള്‍ സംഘടനാപ്രവര്‍ത്തനത്തിന് ആവേശംപകരുന്നതാണ്.

സ. മുഹമ്മദ് മുസ്തഫ (1976 ആഗസ്ത് 16)

ഇന്ത്യന്‍ ജനതയുടെ കണ്ണും കാതും വാക്കും കൊട്ടിയടയ്ക്കപ്പെട്ട അടിയന്തരാവസ്ഥയുടെ അര്‍ദ്ധഫാസിസ്റ്റ് ഭീകരതയ്‌ക്കെതിരെ പ്രകടനം നടത്തിയതിന്റെ പേരിലാണ് മണ്ണാര്‍ക്കാട് എം ഇ എസ് കോളേജിലെ പ്രീഡിഗ്രി വിദ്യാര്‍ത്ഥിയും എസ് എഫ് ഐ നേതാവുമായ മുഹമ്മദ് മുസ്തഫ ധീരരക്തസാക്ഷിത്വം വരിച്ചത്. ജൂലൈ 28 ന് അര്‍ദ്ധരാത്രി സ. മുഹമ്മദ് മുസ്തഫ ഉള്‍പ്പെടെ 9 എസ് എഫ് ഐ പ്രവര്‍ത്തകരെ മിസ എന്ന കരിനിയമപ്രകാരം പൊലീസ് അറസ്റ്റുചെയ്തു. മണ്ണാര്‍ക്കാട് സബ് ജയിലില്‍ അരങ്ങേറിയ ഭീകരമായ പൊലീസ് മര്‍ദ്ദനം 1976 ആഗസ്ത് 16ന് സ.മുഹമ്മദ് മുസ്തഫയുടെ ജീവന്‍ അപഹരിച്ചു. എസ് എഫ് ഐയില്‍ നിന്ന് രാജിവച്ചാല്‍ പുറത്തുവിടാമെന്ന പൊലീസിന്റെ ഉഗ്രശാസനയില്‍”ഞാന്‍ എന്റെ ജീവിതത്തില്‍ നിന്ന് രാജിവച്ചാലും എസ് എഫ് ഐയില്‍ നിന്ന് രാജിവെയ്ക്കില്ല” എന്ന പ്രഖ്യാപനത്തോടെ നേരിട്ട സ.മുഹമ്മദ് മുസ്തഫയുടെ ഓര്‍മ്മകള്‍ ക്യാമ്പസ് ജനാധിപത്യത്തിനും സംഘടനാ സ്വാതന്ത്ര്യത്തിനും വേണ്ടി നടത്തുന്ന പോരാട്ടങ്ങള്‍ക്ക് നിലയ്ക്കാത്ത ഊര്‍ജ്ജപ്രാവഹമാണ്.

സ. വേലായുധന്‍ (1976 ഡിസംബര്‍ 19 )

സ. വേലായുധന്‍ 1976 ഡിസംബര്‍ 19 പാലക്കാട് ജില്ലയിലെ കൊടുവായൂര്‍ ഹൈസ്‌കൂളിലെ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയും ഏരിയകമ്മിറ്റി അംഗവുമായിരുന്നു സ. വേലായുധന്‍. സ്‌കൂളില്‍ നിരന്തരം ആക്രമണം നടത്തുന്ന ആര്‍എസ്എസിനെതിരെ വിദ്യാര്‍ത്ഥികളെ അണിനിരത്തുന്നതില്‍ വേലായുധന്‍ നേതൃത്വപരമായ പങ്കുവഹിച്ചു. ആര്‍എസ്എസ് ഭീകരതയ്‌ക്കെതിരെ പ്രകടനം നടത്തവെ ആര്‍എസ്എസ് ഗുണ്ടകള്‍ പതിയിരുന്ന് ആക്രമിച്ചു. കുത്തേറ്റ് നട്ടെല്ലിലുണ്ടായ മുറിവിനാല്‍ സ്‌പൈനല്‍കോഡ് തകര്‍ന്ന് ശരീരത്തിന് ചലനശേഷി നഷ്ടപ്പെട്ടു. 16 മാസം ആശുപത്രിയിലും 18 മാസം വീട്ടിലും തീവ്രവേദന സഹിച്ച് 1976 ഡിസംബര്‍ 19ന് രാവിലെ പതിനൊന്നരയ്ക്ക് സഖാവ് മരണമടഞ്ഞു. എസ്എഫ്‌ഐയുടെ അഞ്ചാം സംസ്ഥാന സമ്മേളനത്തിന് മരണശയ്യയില്‍ കിടന്നുകൊണ്ട് വേലായുധന്‍ അയച്ച സന്ദേശം ഇതായിരുന്നു: ”ഏത് കടുത്ത പ്രയാസത്തിലും എസ്എഫ്‌ഐ മുന്നോട്ടുപോവുകതന്നെ ചെയ്യുമെന്ന് എനിക്കുറപ്പുണ്ട്

സ. ജി ഭുവനേശ്വരന്‍ (1977 ഡിസംബര്‍ 7 )

സ. ജി ഭുവനേശ്വരന്‍ 1977 ഡിസംബര്‍ 7 പന്തളം എന്‍എസ്എസ് കോളേജില്‍ 1977 ഡിസംബര്‍ രണ്ടാം തീയതി സൈക്കിള്‍ ചെയിന്‍, കഠാര, വടിവാള്‍ തുടങ്ങിയ മാരകായുധങ്ങളുമായി ആസൂത്രിതമായി കെഎസ്‌യുക്കാര്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കുനേരെ ആക്രമണം നടത്തി. സ. ഭുവനേശ്വരന്‍, രഘു എന്നീ സഖാക്കള്‍ മാത്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ അഭയംതേടി. എന്നാല്‍, കെഎസ്‌യു ഗുണ്ടകള്‍ മാത്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ വാതില്‍ ചവിട്ടിപ്പൊളിക്കുകയും അധ്യാപകരെ തള്ളിമാറ്റി സഖാക്കളെ ആക്രമിക്കുകയും ചെയ്തു. എസ്എഫ്‌ഐ ജില്ലാകമ്മിറ്റി അംഗം സ. രഘുവിനെ മര്‍ദ്ദിച്ചശേഷം ഒന്നാം നിലയില്‍നിന്നും താഴേക്കെറിഞ്ഞു. ആക്രമണംമൂലം ബോധരഹിതനായി വീണ ഭുവനേശ്വരന്റെ മുഖത്ത് വെള്ളം തളിക്കുകയും കണ്ണുതുറന്ന സഖാവിനെ വീണ്ടും വീണ്ടും ഭീകരമായി ആക്രമിക്കുകയും ചെയ്തു. അഞ്ചുദിവസങ്ങള്‍ ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കഴിഞ്ഞ ഭുവനേശ്വരന്‍ 1977 ഡിസംബര്‍ ഏഴാം തീയതി വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് അന്ത്യശ്വാസം വലിച്ചു.

സ. പി കെ രാജന്‍ (1979 ഫെബ്രുവരി 24 )

സ. പി കെ രാജന്‍ 1979 ഫെബ്രുവരി 24 തൃപ്പൂണിത്തുറ ആയുര്‍വേദകോളേജിലെ എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റായിരുന്നു സ. പി കെ രാജന്‍. കോളേജിലും ഹോസ്റ്റലിലും രണ്ടുദിവസങ്ങളിലായി കെഎസ്‌യുക്കാര്‍ നടത്തിയ അഴിഞ്ഞാട്ടം കോളേജില്‍ വരാതിരുന്നതുകാരണം രാജന്‍ അറിഞ്ഞിരുന്നില്ല. അധ്യാപകനെ കൈയ്യേറ്റം ചെയ്തതിന് എസ്എഫ്‌ഐയില്‍നിന്ന് പുറത്താക്കിയ ബാലരാമന്‍പിള്ള എന്ന കെഎസ്‌യു പ്രവര്‍ത്തകനാണ് രാജനുനേരെയുള്ള അക്രമത്തിന് നേതൃത്വം നല്‍കിയത്. 1979 ഫെബ്രുരി 24 ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് കെഎസ്‌യു ഗുണ്ടകള്‍ സ. പി കെ രാജനെ കുത്തിവീഴ്ത്തിയത്. പട്ടാമ്പി ആയുര്‍വേദ ആശുപത്രിയിലെ കുമാരന്‍ വൈദ്യരുടെയും സരോജിനി അമ്മയുടെയും മൂത്തപുത്രനായിരുന്നു സ. പി കെ രാജന്‍.

സ.പ്രദീപ്കുമാര്‍(1981 ജൂലായ് 13)

കോഴിക്കോട് ജില്ലയിലെ എ കെ കെ ആര്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയും എസ് എഫ് ഐ കക്കോട് ഏരിയ കമ്മിറ്റി അംഗവുമായിരുന്നു. സ. പ്രദീപ് വിദ്യാര്‍ത്ഥികളുടെ യാത്രാപ്രശ്‌നം ഏറ്റവും വലിയ പ്രശ്‌നമായി നിലനിന്നിരുന്ന ഒരു മേഖലയായിരുന്നു ഇത്. 1981 ജൂലായ് 13ന് ബസ്സുകളില്‍ വിദ്യാര്‍ത്ഥികളെ കയറ്റുന്നില്ലെന്ന പരാതി പറഞ്ഞപ്പോള്‍ അവരോടൊപ്പം റോഡിലിറങ്ങി ബസ്സുകള്‍ തടഞ്ഞുനിര്‍ത്തി വിദ്യാര്‍ത്ഥികളെ കയറ്റുന്നതിനിടയിലാണ് ഡ്രൈവര്‍ ബസ് മുന്നോട്ടെടുത്ത് സഖാവിനെ തട്ടിവീഴ്ത്തി നിര്‍ത്താതെ ഓടിച്ചുപോയത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും സഖാവിന്റെ ജീവന്‍ രക്ഷിക്കാനായില്ല. യാത്രാവകാശപ്പോരാട്ടങ്ങളില്‍ സഖാവിന്റെ ഓര്‍മ്മ നമുക്ക് കരുത്തായിരിക്കും.

സ. കെ.ആര്‍. തോമസ് (1981 നവംബര്‍ മൂന്ന്‍ )

തൃശ്ശൂര്‍ ഗവ. കോളേജ് യൂണിയന്‍ ചെയര്‍മാനും എസ്എഫ്‌ഐയുടെ തൃശ്ശൂര്‍ ജില്ലാകമ്മിറ്റി അംഗവുമായിരുന്നു സ. കെ.ആര്‍. തോമസ്. 1981 നവംബര്‍ മൂന്നിന് വീട്ടിലേക്ക് പോകുമ്പോഴാണ് ആര്‍എസ്എസുകാര്‍  സ. കെ.ആര്‍. തോമസിനുനേരെ അക്രമം നടത്തിയത്. മാരകമായി പരിക്കുകളേറ്റ സ. കെ.ആര്‍. തോമസ് ആശുപത്രിയില്‍ വെച്ചാണ് ജീവിതത്തില്‍നിന്ന് വിടവാങ്ങിയത്. വര്‍ഗ്ഗീയശക്തികള്‍ക്കെതിരായ പോരാട്ടത്തില്‍ ക്യാമ്പസിനകത്തും പുറത്തും മുന്നണിപ്പോരാളിയായിരുന്നു സഖാവ്. കോളേജിലെ എല്ലാ വിഭാഗം വിദ്യാര്‍ത്ഥികളുടെയും ഉറ്റചങ്ങാതിയായിരുന്നു തോമസ്. കലാലയങ്ങളില്‍ മത ധ്രുവീകരണത്തിന് നേതൃത്വം നല്‍കുന്നവര്‍ക്കെതിരായ ചെറുത്തുനില്‍പ്പില്‍ സഖാവിന്റെ രക്തസാക്ഷിത്വം നമുക്ക് കരുത്തായിരിക്കും.

സ. ശ്രീകുമാര്‍ (1982 ജനുവരി 4 )

കൊല്ലം എസ്.എന്‍. കോളേജിലെ എസ്.എഫ്.ഐ. യൂണിറ്റ് പ്രസിഡന്റായിരുന്ന ശ്രീകുമാര്‍ കോളേജിലെ പുരോഗമന പ്രസ്ഥാനത്തിന്റെ അഭിമാനകരമായ മുന്നേറ്റത്തിന് ചുക്കാന്‍ പിടിച്ചവരില്‍ ശ്രദ്ധേയ നേതൃത്വമായിരുന്നു. 1982 ജനുവരി 4ന് കോളേജിന് പുറത്ത് കാവല്‍നിന്ന പോലീസുകാരുടെ മുന്നിലൂടെ പ്രകടനമായി കടന്നുവന്ന ആയുധധാരികളായ ആര്‍.എസ്.എസ്സുകാരും കോളേജിനകത്തെ എ.ബി.വി.പിക്കാരും ചേര്‍ന്ന് കാമ്പസ് വരാന്തയില്‍ ആയുധമുയര്‍ത്തിപ്പിടിച്ച് പ്രകടനം നടത്തിക്കൊണ്ടാണ് സ. ശ്രീകുമാറിനുനേരെ ഏകപക്ഷീയ ആക്രമണം നടത്തിയത്. കുത്തേറ്റ് ചോര വാര്‍ന്നുകിടന്ന സഖാവിനെ ആശുപത്രിയിലെത്തിക്കാന്‍പോലും പോലീസ് തയ്യാറായില്ല. ഭരണകൂട ഒത്താശയോടെ എസ്.എഫ്.ഐ. പ്രവര്‍ത്തനത്തെ ഉന്മൂലനം ചെയ്യാമെന്ന ആര്‍.എസ്.എസ്. വ്യാമോഹത്തെ അതിജീവിച്ച് ബഹുദൂരം മുമ്പോട്ടുപോകാന്‍ ശ്രീകുമാറിന്റെ ഓര്‍മ്മ എന്നും കരുത്താണ്.